ജംഷഡ്പുർ: രണ്ടാഴ്ചമുമ്പ് തട്ടിക്കൊണ്ടുപോയ വ്യവസായിയുടെ മകനെ ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽനിന്നു പോലീസ് രക്ഷപ്പെടുത്തി. ജംഷഡ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായി ദേവാംഗ് ഗാന്ധിയുടെ മകൻ കൈരവിനെയാണ് (24) പോലീസ് രക്ഷപ്പെടുത്തിയത്.
ഹസരിബാഗിലെ ബർഹിയിൽനിന്നാണ് യുവാവിനെ പോലീസ് കണ്ടെടുത്തത്. സെരായികെല-ഖർസ്വാൻ ജില്ലയിലെ ആദിത്യപുർ വ്യവസായ മേഖലയിൽനിന്നും 13നാണ് കൈരവിനെ തട്ടിക്കൊണ്ടുപോയത്.
പോലീസ് പിന്തുടരുന്നതായി മനസിലാക്കി പ്രതികൾ കൈരവിനെ ഹസാരിബാഗിലെ ചൗപരൻ-ബർഹി റോഡിൽ ഇറക്കിവിട്ടശേഷം രക്ഷപ്പെടുകയായിരുന്നു.
സംഭവം നടന്ന രാത്രിയിൽ ദേശീയപാത 33ലെ കണ്ടർബേഡ പ്രദേശത്തുനിന്ന് കൈരവിന്റെ കാർ പോലീസ് കണ്ടെത്തിയിരുന്നു. പ്രതികൾക്കായി പോലീസ് അന്വേഷണം നടത്തിവരികയാണ്.